എഡിജിപിയുടെ കീഴിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർ അന്വേഷണം നടത്തിയതുകൊണ്ടാണ് ക്ലീൻ ചിറ്റ് റിപ്പോർട്ട് നൽകിയതെന്നായിരുന്നു ഹർജിക്കാരന്റെ വാദം. പട്ടം സബ് റജിസ്റ്റാർ ഓഫിസ് പരിധിയിലുള്ള ഭൂമി 33 ലക്ഷം രൂപയ്ക്ക് വാങ്ങിയതും കവടിയാറിൽ 31 ലക്ഷം രൂപയ്ക്ക് ഫ്ലാറ്റ് വാങ്ങി 65 ലക്ഷം രൂപയ്ക്ക് മറിച്ചു വിറ്റതും സംബന്ധിച്ചുമുള്ള ആരോപണങ്ങൾ അന്വേഷിച്ചില്ലെന്നും ഹർജിക്കാരൻ പറഞ്ഞിരുന്നു.
എം.ആർ.അജിത്കുമാർ ഭാര്യാസഹോദരനുമായി ചേർന്ന് സെന്റിന് 70 ലക്ഷം രൂപ വിലയുളള ഭൂമി തിരുവനന്തപുരം കവിടിയാറിൽ വാങ്ങി ആഡംബര കെട്ടിടം നിർമിക്കുന്നതിൽ അഴിമതിപ്പണം ഉണ്ടെന്നായിരുന്നു ഹർജിക്കാരന്റെ വാദം. ഇതിനായി മുഖ്യമന്ത്രിയുടെ പൊളിറ്റക്കൽ സെക്രട്ടറി പി.ശശി എഡിജിപിയെ വഴിവിട്ട് സഹായിക്കുന്നതായും ഹർജിക്കാരൻ ആരോപിച്ചിരുന്നു.


വീടുനിർമാണം, ഫ്ലാറ്റ് വാങ്ങൽ, സ്വർണക്കടത്ത് എന്നിവയിൽ അജിത്കുമാർ അഴിമതി നടത്തിയിട്ടില്ലെന്നാണ് റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. മുൻ എംഎൽഎ പി.വി.അൻവർ ഉയർത്തിയ ആരോപണങ്ങളിലാണ് വിജിലൻസ് അന്വേഷണം നടത്തിയത്. കരിപ്പൂർ വഴിയുള്ള സ്വർണക്കടത്തിന് മലപ്പുറം എസ്പി സുജിത്ദാസ് ഒത്താശ ചെയ്തെന്നും ഇതിന്റെ വിഹിതം അജിത്കുമാറിന് ലഭിച്ചെന്നും ആയിരുന്നു പ്രധാന ആരോപണം.
എന്നാൽ ഈ ആരോപണം അടിസ്ഥാനരഹിതമാണെന്നു കണ്ടെത്തി. സുജിത് ദാസിന്റെ കാലയളവിലാണ് ഏറ്റവും കൂടുതൽ സ്വർണം പിടികൂടിയതെന്നും കസ്റ്റംസ് ഉദ്യോഗസ്ഥരെ വരെ കേസുകളിൽ പ്രതി ചേർത്തിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. മലപ്പുറം എസ്പിയുടെ ക്യാംപ് ഓഫിസിലെ മരംമുറിയിലും അജിത് കുമാറിനെ ബന്ധിപ്പിക്കുന്ന ഒന്നും കണ്ടെത്താനായിട്ടില്ലെന്നും റിപ്പോർട്ടിലുണ്ടെന്നാണു സൂചന.
കവടിയാറിലെ ആഡംബര വീട് പണിതതിൽ ക്രമക്കേട് എന്നതായിരുന്നു രണ്ടാമത്തെ ആരോപണം. എന്നാൽ ആരോപണത്തിൽ ഉന്നയിച്ചതിന്റെ പകുതിയിൽ താഴെ വിസ്തീർണത്തിലാണ് വീടു നിർമാണമെന്നു തെളിഞ്ഞുവെന്ന് റിപ്പോർട്ടിൽ പറയുന്നു. വീടു നിർമാണത്തിനായി എസ്ബിഐയിൽ നിന്ന് ഒന്നരക്കോടി വായ്പ് എടുത്തിട്ടുണ്ടെന്നും കണ്ടെത്തി.
വീട് നിർമാണം യഥാസമയം സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും സ്വത്തുവിവര പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. കുറവൻകോണത്ത് ഫ്ലാറ്റ് വാങ്ങി 10 ദിവസത്തിനുള്ളിൽ ഇരട്ടി വിലയ്ക്ക് മറിച്ചു വിറ്റു എന്നായിരുന്നു മറ്റൊരു ആരോപണം. സ്വാഭാവികമായ വിലവർധനയാണെന്നും വിൽപനയിൽ ക്രമക്കേടില്ലെന്നും വിജിലൻസ് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.
illegal asset case adgp ajithkumar vigilance clean chit report dismissed court